നെന്മാറ: മഴക്കാലത്തും റബർ ടാപ്പിംഗ് തടസമില്ലാതെ നടത്തുന്നതിനായി റബർ മരങ്ങളിൽമഴമറ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ മേഖലയിലെ തോട്ടങ്ങളിൽ സജീവമായി. ഉത്പാദന ചെലവ് വർധിച്ചിട്ടും റബർ വിലയിൽ ഉണ്ടായ മുന്നേറ്റവും വരും മാസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയും കർഷകരെ റെയിൻ ഗാർഡ് സ്ഥാപിക്കുന്നതിനായി പ്രേരിപ്പിക്കുകയാണ്. എന്നാൽ പ്ലാസ്റ്റിക്, പശ തുടങ്ങിയ സാമഗ്രികളുടെ വിലക്കയറ്റവും തൊഴിലാളികളുടെ ലഭ്യതക്കുറവും കർഷകർക്ക് അധികഭാരമായി മാറിയിരിക്കുകയാണ്.
ഒരു മരത്തിൽ പ്ലാസ്റ്റിക് ഷീറ്റ്, പശ, ടേപ്പ്, ക്ലിപ്പ് എന്നിവ ഉൾപ്പെടെയുള്ള സാമഗ്രികൾ സ്ഥാപിക്കാൻ ഏകദേശം 50 രൂപയോളം ചെലവാകുമെന്ന് കർഷകർ പറയുന്നു. ഇതിന് പുറമെ തൊഴിലാളികളുടെ കൂലിയും നൽകേണ്ടിവരുന്നതിനാൽ വലിയ തോട്ടങ്ങളുള്ളവർക്ക് ഗണ്യമായ തുകയാണ് ഇതിനായി ചെലവാകുന്നത്. മഴയ്ക്ക് മുമ്പായി റെഡിമെയ്ഡ് റെയിൻ ഗാർഡുകൾ, ഞൊറി ഉപയോഗിച്ച് മരങ്ങളിൽ ഒട്ടിക്കുന്ന പ്രത്യേക പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർ നിർമിത പശ, ടേപ്പ്, സ്റ്റാപ്ലർ ക്ലിപ്പുകൾ തുടങ്ങിയവ വാങ്ങി തയ്യാറെടുപ്പുകൾ നടത്തുകയാണ് കർഷകർ. പ്ലാസ്റ്റിക് ഷീറ്റ് സ്ഥാപിക്കുന്നതിന് ഒരു മരത്തിന് 15 മുതൽ 17 രൂപവരെ കൂലി നൽകേണ്ടിവരുന്നു.
വെട്ടുപട്ടയ്ക്ക് മുകളിലുള്ള ഭാഗത്തെ തൊലി വൃത്തിയാക്കി പശ തേച്ചശേഷം ഞൊറി വെച്ച് പ്ലാസ്റ്റിക് ഷീറ്റ് ഒട്ടിക്കുകയും അതിന് മുകളിലൂടെ മഴവെള്ളം ഇറങ്ങാതിരിക്കുന്ന രീതിയിൽ ടേപ്പ് പതിപ്പിച്ച് ക്ലിപ്പുകൾ ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്യുന്ന സങ്കീർണമായ പ്രക്രിയയിലൂടെയാണ് റെയിൻ ഗാർഡ് സ്ഥാപിക്കുന്നത്. ഒരു മരത്തിൽ റെയിൻ ഗാർഡ് സ്ഥാപിക്കുന്നതിന് ഒരേസമയം നാലോളം തൊഴിലാളികളുടെ സേവനം ആവശ്യമായി വരുന്നു. എന്നാൽ മേഖലയിലാകെ ഇത്തരം ജോലികളിൽ പരിചയസമ്പന്നരായ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതുമൂലം ആവശ്യമായ സമയത്ത് റെയിൻ ഗാർഡ് സ്ഥാപിക്കാൻ കഴിയാതെ നിരവധി തോട്ടം ഉടമകൾ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ ടാപ്പിംഗ് നിർത്തിവെച്ച തോട്ടങ്ങളും റബർ വിലക്കുറവിനെ തുടർന്ന് കഴിഞ്ഞവർഷം ടാപ്പിംഗ് നടത്താത്ത തോട്ടങ്ങളും ഇപ്പോൾ വീണ്ടും ഉത്പാദനത്തിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. റബർ വില മെച്ചപ്പെട്ടതോടെ മഴക്കാല ടാപ്പിംഗിനുള്ള സാധ്യത പരമാവധി പ്രയോജനപ്പെടുത്താനാണ് കർഷകരുടെ ശ്രമം.
പ്രാദേശിക റബർ ഉത്പാദക സഹകരണ സംഘങ്ങൾ വഴി ചില അളവിൽ പ്ലാസ്റ്റിക് സാമഗ്രികൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം കർഷകരും തുറന്ന വിപണിയെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ഇതോടെ വിലക്കയറ്റത്തിന്റെ ആഘാതം നേരിട്ട് കർഷകരെ ബാധിക്കുകയാണ്. കഴിഞ്ഞ വർഷം കിലോഗ്രാമിന് 150 രൂപയുണ്ടായിരുന്ന റെയിൻ ഗാർഡ് പ്ലാസ്റ്റിക് ഷീറ്റിന് ഇപ്പോൾ 200 രൂപയോളമായി.
ടാർ നിർമിത പശയുടെ വിലയും കിലോഗ്രാമിന് ഏകദേശം 20 രൂപ വർധിച്ച് ശരാശരി 85 രൂപയിെത്തി. സാമഗ്രികളുടെ വിലക്കയറ്റവും തൊഴിലാളികളുടെ ക്ഷാമവും പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു.